Oct 02, 2023 11:58:24 AM
നമ്മുടെ രാഷ്ട്രപിതാവും രാജ്യത്തിന്റെ നിത്യജ്യോതിസ്സും നേതാവുമായ മഹാത്മാഗാന്ധി | Photo: Private
ഒക്ടോബർ 2 ഇന്ത്യയ്ക്കും ലോകത്തിനും വിലമതിക്കാനാവാത്ത ദിവസമാണ്. നമ്മുടെ രാഷ്ട്രപിതാവും രാജ്യത്തിന്റെ നിത്യജ്യോതിസ്സും ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാവുമായ മഹാത്മാഗാന്ധിയുടെ ജന്മദിനമാണല്ലൊ ഒക്ടോബർ 2. ഈ ദിനത്തിൽ, അദ്ദേഹം നമുക്കും , നമ്മുടെ രാജ്യത്തിനും , മനുഷ്യരാശിക്ക് മുഴുവനും നൽകിയ സംഭാവനകൾക്കും ആദരാഞ്ജലികൾ അർപ്പിക്കാം. അദ്ദേഹത്തിന്റെ പഠിപ്പിക്കലുകളും, സമാധാനപരവും ഒരുമയും സ്നേഹവും നിറഞ്ഞ ഒരു ലോകത്തിനുമായുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും നമ്മുടെ ജീവിതത്തിലും ജീവിക്കുന്ന സമൂഹത്തിലും പ്രതിഫലിപ്പിക്കാൻ പരിശ്രമിയ്ക്കാം.
മഹാത്മാഗാന്ധിയെന്ന ആ മഹാത്മാവിനെ എന്തുകൊണ്ടാണ് നമ്മൾ സ്മരിക്കേണ്ടത് ? അദ്ദേഹം തന്റെ ജീവിതത്തിലും സമൂഹത്തിലും സത്യത്തിന്റെയും അഹിംസയുടെയും പാത പഠിപ്പിയ്ക്കുകയും നമ്മുടെ രാജ്യത്തെ എങ്ങനെ സ്നേഹിക്കാമെന്നും സേവിക്കാമെന്നും കാണിച്ചുതരുകയും ചെയ്തു . കൂടാതെ ഇന്ത്യയുടെ ബഹുസ്വരതയെ, വൈവിധ്യത്തെ എങ്ങനെ കോർത്തിണക്കാമെന്നും ബഹുമാനിക്കാമെന്നും സ്വീകരിക്കാമെന്നും അദ്ദേഹം കാണിച്ചുതരികയും അതിനായുള്ള പ്രയത്നത്തിൽ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു . ഭാരതമണ്ണിൽ വീണ ആ രക്തതുള്ളികൾ ഇന്നും ഹിംസയ്‌ക്കെതിരെയും നാനാത്വത്തിലുള്ള ഏകതെയെ നശിപ്പിക്കുന്ന ശക്തികൾക്കെതിരെയും രോഷത്താൽ തിളയ്ക്കുന്നുണ്ടാകണം ...
പലസന്ദര്ഭങ്ങളായി അദ്ദേഹം പറഞ്ഞിട്ടുണ്ട് 'ഒരു മനുഷ്യൻ അവന്റെ ചിന്തകളുടെ ഉൽപ്പന്നമാണെന്ന്. ഒരുവൻ തന്റെ മനസ്സിൽ നിത്യം എന്ത് വിചാരിക്കുന്നുവോ അത് തന്നെ ആയിത്തീരുമെന്ന് അദ്ദേഹം പറഞ്ഞു വച്ചു. നാടിന്റെ , രാജ്യത്തിൻറെ ഐക്യത്തിനും നന്മയ്ക്കും ചിന്തിയ്ക്കുന്നവർ, ലക്ഷ്യമിടുന്നവർ ഇന്ത്യയുടെ അഭിമാനത്തിനും അഭിവൃദ്ധിയ്ക്കും ചിന്തകളാലും വാക്കിനാലും പ്രവർത്തിയാലും പരിശ്രമിച്ചുകൊണ്ടേയിരിയ്ക്കും.
അദ്ദേഹം പറഞ്ഞ മറ്റൊരു പ്രസക്തമായ കാര്യമാണ് , "നിങ്ങൾ ചിന്തിക്കുന്നതും പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങൾ ഐക്യത്തോടെയാണെങ്കിൽ അത് സമൂഹത്തിൽ ഐക്യവും സമാധാനവും സന്തോഷവും കൊണ്ടുവരും ". അതുകൊണ്ട് നമുക്ക് നമ്മുടെ വാക്കുകളും പ്രവൃത്തികളും നന്മകൊണ്ടുവരുന്ന നല്ല ആശയങ്ങളുമായി ചേർത്തുപിടിയ്ക്കാം .
ഒപ്പം നമ്മോടുതന്നെയും മറ്റുള്ളവരോടും സമാധാനത്തിലും ഐക്യത്തിലും ജീവിക്കാനും പരിശ്രമിയ്ക്കാം.
മഹാത്മഗാന്ധിയുടെ മറ്റൊരു ശ്രദ്ധേയമായ പഠിപ്പിക്കലുകളിൽ ഒന്നാണ് , "യഥാർത്ഥ സത്യം പിന്തുടരാൻ പരിശ്രമിയ്ക്കുമ്പോൾ ആശയപൊരുത്തമില്ലാത്ത എതിരാളികൾ ഉണ്ടാകുമ്പോൾ നമ്മൾ നമ്മളുടെ എതിരാളിയുടെ മേൽ അക്രമം നടത്താൻ പാടില്ല എന്നത് . അവരോട് വെറുപ്പും ആക്രമണവും കാട്ടരുത് , കാരണം നമ്മിൽ നിന്ന് വ്യത്യസ്തരായവരെ മനസ്സിലാക്കാനും അവരുമായി സംവദിക്കാനും ശ്രമിച്ചെങ്കിലേ അവരുടെ ആശയമെന്താണെന്ന് നമുക്ക് വ്യ്കതമാകാനും , നമ്മുടെ ആശയമെന്താണെന്ന് അവർക്ക് മനസ്സിലാക്കാനും സാധിയ്ക്കു ".
അദ്ദേഹം പറഞ്ഞു, "അസഹിഷ്ണുത എന്നത് തന്നെ അക്രമത്തിന്റെ ഒരു രൂപവും യഥാർത്ഥ ജനാധിപത്യ ചൈതന്യത്തിന്റെ വളർച്ചയ്ക്ക് തടസ്സവുമാണ്". അതുകൊണ്ട് നാം ആരെയും അവരുടെ ജാതി, മതം, നിറം, മതം , രാഷ്ട്രീയവിശ്വാസം എന്നിവയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുകയോ വിവേചനം കാണിക്കുകയോ ചെയ്യരുത്, അതിനു പകരം നമ്മുടെ ബഹുസ്വരതയുടെ സമ്പന്നതയും സൗന്ദര്യവും ആഘോഷിക്കൂകയാണ് വേണ്ടത്.
രാഷ്ട്രപിതാവ് പറഞ്ഞതിൻപ്രകാരം നമ്മൾ ഈ ലോകത്ത് കാണാൻ ആഗ്രഹിക്കുന്ന മാറ്റം നമ്മൾ തന്നെ ആകുക. അത് മറ്റൊരാൾക്കായി മാറ്റിവയ്ക്കരുത് . അങ്ങനെ എല്ലാവരും ചിന്തിയ്ക്കുകയും പ്രവർത്തിയ്ക്കുകയും ചെയ്യുമ്പോൾ നമ്മളും നമ്മുടെ രാഷ്ട്രവും മാറും. അതുകൊണ്ട് ഈ ഗാന്ധിജയന്തി ദിനത്തിൽ, മഹാത്മാവിന്റെ വാക്കുകളെയും പ്രവൃത്തികളെയും സ്മരിച്ച്, അദ്ദേഹത്തിന്റെ തത്വങ്ങളെയും മൂല്യങ്ങളെയും ആദരിച്ചും, അദ്ദേഹത്തിന്റെ ധൈര്യവും അനുകമ്പയും അനുകരിച്ചും, അദ്ദേഹത്തിന്റെ ജ്ഞാനത്തിൽ നിന്നും വിനയത്തിൽ നിന്നും പാഠം ഉൾക്കൊണ്ടും, അദ്ദേഹത്തിന്റെ പ്രവർത്തനത്തെയും മാറ്റത്തെയും പിന്തുടർന്ന് നമുക്ക് അദ്ദേഹത്തിന്റെ പൈതൃകം ആഘോഷിക്കാം. ഈ ദിനം വെറുമൊരു അവധി ദിനമല്ല, പുണ്യദിനമാക്കാം, വെറുമൊരു അനുസ്മരണമല്ല, പ്രതിബദ്ധതയും , ആദരാഞ്ജലികളും മാത്രമല്ല, അത് നമുക്ക് തന്നെ സ്വയം പരിവർത്തനം ചെയ്യാനുള്ളൊരു ദിവസവും കൂടിയാക്കാം ..
നമ്മുടെ രാഷ്ട്രപിതാവിന്റെ, ആ മഹത്മവിന്റെ ഓർമയ്ക്കുമുമ്പിൽ എന്റെ സ്നേഹപ്രണാമം !
നമ്മുടെ നാടിന്റെ സ്‌നേഹസ്മരണാഞ്ജലികൾ!