ലണ്ടൻ ∙ ആഭ്യന്തര യുദ്ധം അതിരൂക്ഷമായ സുഡാനിൽ കുടുങ്ങിയത് നാലായിരത്തിലേറെ ബ്രിട്ടിഷുകാർ. ഇവരെ അപകടം കൂടാതെ നാട്ടിലെത്തിക്കാനുള്ള അടിയന്തര രക്ഷാപ്രവർത്തനത്തിന് സർക്കാർ നടപടി ആരംഭിച്ചു. കര, വ്യോമ, നാവിക സേനാംഗങ്ങളുടെ സഹകരണത്തോടെയാണ് അടിയന്തര രക്ഷാദൗത്യം.
രക്ഷാദൗത്യം ഏതുവിധേനയാകണം എന്നു തീരുമാനിക്കാൻ സൈന്യത്തിന്റെ ചെറു സംഘം സുഡാനിൽ എത്തിക്കഴിഞ്ഞു. ബ്രിട്ടിഷ് പൗരന്മാരെ അപകടം കൂടാതെ തിരിച്ചെത്തിക്കാനുള്ള എല്ലാ സാധ്യതകളും ആരായുമെന്ന് മന്ത്രി ആൻഡ്രൂ മിച്ചെൽ വ്യക്തമാക്കി. സുരക്ഷിതമായ ഇവാക്വേഷൻ റൂട്ടുകൾ കണ്ടെത്താൻ ഇന്റലിജൻസ് സംവിധാനത്തിന്റെ സഹകരണത്തോടെയാണ് സൈന്യത്തിന്റെ നീക്കങ്ങൾ.