Feb 17, 2025 11:03:32 PM
Thapasya Team | Photo: Private
തപസ്യ ആർട്ട്സ് അവതരിപ്പിക്കുന്ന ‘ക്രോസ്സ് ബെൽറ്റ്’ - ഒരു അതുല്യ നാടകാനുഭവം!
മലയാള നാടക ലോകത്തിന്‍റെ കുലപതി എൻ. എൻ. പിള്ളയുടെ അതുല്യമായ തൂലികയിൽ പിറന്ന ‘ക്രോസ്സ് ബെൽറ്റ്’ എന്ന സാമൂഹ്യ നാടകം വീണ്ടും ജീവൻ തേടുന്നു. കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കലാ-സാംസ്കാരിക സംഘടനയായ തപസ്യ ആർട്ട്സ് ആണ് ഈ മഹത്തായ നാടകത്തിന്റെ പുതുമയാർന്ന അവതരണത്തിന് വേദിയൊരുക്കുന്നത്.
Book your seats now at Ticket Prism
1967-ൽ ആദ്യമായി അരങ്ങേറി, അന്നത്തെ സാമൂഹിക സാഹചര്യങ്ങളെ നിയതമായി കോർത്തിണക്കിയ ഈ നാടകത്തിൽ, ആധുനികതയുടെ വെല്ലുവിളികൾക്കിടയിൽ മനുഷ്യജീവിതം ഏറ്റുവാങ്ങുന്ന കടുത്ത യാഥാർത്ഥ്യങ്ങൾ ദൃശ്യവൽക്കരിക്കപ്പെടുന്നു. എൻ. എൻ. പിള്ളയുടെ ആഴമേറിയ ചിന്തയും വാചാലമായ അവതരണ ശൈലിയും ഇതിനെ മലയാള നാടക ലോകത്തിലെ ഒരു അനശ്വര കൃതിയായി മാറ്റിയിരുന്നു. ഇന്നും അതിന് പ്രസക്തിയേറെയാണ്.
മലയാള നാടകങ്ങളുടെ പാരമ്പര്യവും സൗന്ദര്യവും സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാൻ പ്രതിജ്ഞാബദ്ധമായ തപസ്യ ആർട്ട്സ്, ‘ക്രോസ്സ് ബെൽറ്റ്’ നാടകത്തിന്റെ നവീകരിച്ച അവതരണത്തിലൂടെ മലയാളി മനസ്സുകളെ ആകർഷിക്കാനൊരുങ്ങുകയാണ്. ഇതിനകം പലനാടകങ്ങളിലായി വേഷമിട്ട പരിചയസമ്പന്നരായ കലാകാരന്മാർക്കൊപ്പം യുവ അഭിനേതാക്കളും അണിനിരക്കുന്ന ഈ നാടകാവതരണം, അതിന്റെ ദൃശ്യവിസ്മയങ്ങളാൽ നാടകപ്രേമികൾക്ക് മനോഹരമായ ഒരു കലാനുഭവം സമ്മാനിക്കും.
കാലിഫോർണിയയിൽ ഫ്രിമോണ്ടിനടുത്ത് ഹേവാർഡ് പെർഫോർമിങ്ങ് അർട്ട്സ് സെന്ററിൽ 2025 ഫെബ്രൂവരി മാസം 22ന് വൈകിട്ട് 5 മണിക്ക് അരങ്ങിലെത്തുന്ന ഈ നാടകം സംവിധാനം ചെയ്യുന്നത് അനിൽ നായർ ആണ്. ശ്രീജിത്ത് ശ്രീധരൻ കലാ സംവിധാനവും ഗാനരചന ബിന്ദു ടിജിയും ബിനു ബാലകൃഷണൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. അരുൺ പിള്ള ചമയം, വസ്ത്രാലങ്കാരം, രംഗസജ്ജീകരണം എന്നിവയും കിരൺ കരുണാകരൻ കലാസജ്ജീകരണവും അനിൽ റാവു, ഹരിശങ്കർ നായർ എന്നിവർ സംവിധാന സഹായവും നൽകുന്നു. പ്രകാശസജ്ജീകരണം ഒരുക്കുന്നത് പാർവ്വതി കിരൺ ആണ്. അഭിനേതാക്കളായി മധു മുകുന്ദൻ, ഉമേഷ് നരേന്ദ്രൻ, ബിന്ദു ടിജി, സന്ധ്യ സുരേഷ്, ടീന ചെറുവേലിൽ, അനിൽ നായർ, ലാഫിയ സെബാസ്റ്റിൻ, സജീവ് പിള്ള, മഹേഷ് ജയകുമാർ, സുകു കൂനന്റവിട, രാജേഷ് കൊണങ്ങാംപറമ്പത്ത് എന്നിവർ രംഗത്തെത്തുന്നു.
നാടകകലാ സ്നേഹികൾക്കായി ഒരുക്കുന്ന ഈ അപൂർവാവസരത്തിന് സാക്ഷികളാകാൻ തപസ്യ ആർട്ട്സ് കാലിഫോർണിയയിലെ മലയാളി സമൂഹത്തെ സന്തോഷപൂർവ്വം ക്ഷണിക്കുന്നുവെന്ന് സംഘടനയുടെ ഭാരവാഹികൾ അറിയിച്ചു. മലയാള നാടകത്തിന്റെ മഹത്വം പുനർനിർവചിക്കുന്ന ഈ അവതരണം തികച്ചും ആസ്വാദ്യകരമായ ഒരു അനുഭവമായി മാറുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
Tickets At Ticket Prism