മൂന്നാറിനപ്പുറം കോടമഞ്ഞ് പുതച്ച് മഴക്കുഞ്ഞുങ്ങള്‍ പഠിക്കുന്ന സ്കൂള്‍

സ്വന്തം ലേഖകൻ|TRAVEL BLOGS

May 02, 2023 02:31:49 PM

News image

| Photo: Private

മൂന്നാറില്‍ നിന്നും ഏകദേശം 45 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഞങ്ങള്‍ എത്തിയത്. രണ്ടു ബൈക്കിലായി ഞങ്ങള്‍ നാലു പേര്‍. ആവശ്യത്തിനു മഴ കൊള്ളുക എന്നതായിരുന്നു പ്രധാന ഉദ്ദേശം. രണ്ടു കൊല്ലത്തേക്കുള്ള മഴ ഒരുമിച്ചു കൊണ്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ. അങ്ങോട്ടും ഇങ്ങോട്ടുമായി 13-14 മണിക്കൂര്‍ മഴയാണ് ഒരു റെയിന്‍കോട്ട് പോലും ഇടാതെ നിന്നു കൊണ്ടത്. അമിത സന്തോഷം കൊണ്ടോ എന്തോ… കാര്യമായ പനിയോ ജലദോഷമോ ഒന്നും വന്നതുമില്ല! ചുമ്മാ ഏതെങ്കിലും വഴിക്ക് ഇറങ്ങിത്തിരിക്കുമ്പോള്‍ എപ്പോഴും കിട്ടുന്നതു പോലെ നിറയെ ആളുകളെ കാണാനും പരിചയപ്പെടാനും സാധിക്കുന്നതു പോലെ ഇക്കുറിയും സാധിച്ചു.

എത്തിയപ്പോള്‍ ചുമ്മാ അലഞ്ഞു തിരിഞ്ഞു നടന്ന ഞങ്ങള്‍ വളരെ യാദൃശ്ചികമായാണ് താഴെ ഒരു ചെറിയ കെട്ടിടം കണ്ടത്. മരം കൊണ്ട് വേലി കെട്ടിയിരിക്കുന്നു. ഒരു വിധം ചാടിക്കടന്ന് ഉള്ളില്‍ കടന്നപ്പോള്‍ നിറയെ കുഞ്ഞു പിള്ളേര്‍! വശത്ത് മഞ്ഞ നിറത്തില്‍ കറുത്ത പെയിന്‍റ് കൊണ്ട് പേരെഴുതിയിരിക്കുന്നു.